-പി പി ചെറിയാന്‍
ഡെന്‍വര്‍: ഡെന്‍വറില്‍ നിന്ന് മിയാമിയിലേക്ക് പോകേണ്ടിയിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനുണ്ടായ യന്ത്ര തകരാറിനെതുടര്‍ന്നു യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. പറന്നുയരാന്‍ ഒരുങ്ങുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഫ്‌ലൈറ്റ് 3023 പറന്നുയരാന്‍ ഒരുങ്ങുമ്പോള്‍ ഒരു ടയര്‍ പൊട്ടി. തുടര്‍ന്ന് വിമാനം റണ്‍വേയില്‍ പെട്ടെന്ന് വേഗത കുറയ്ക്കുകയും, ബ്രേക്ക് തീ ഉണ്ടാകുകയും ഫയര്‍ സര്‍വീസ് പെട്ടെന്നത് കെടുത്തുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍, ബോയിംഗ് 737 മാക്‌സ് 8 വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ സ്ലൈഡുകളിലൂടെ താഴെയിറങ്ങി ഓടി മാറുന്നത് ദൃശ്യമാണ്.
173 യാത്രക്കാരും ആറ് ജീവനക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. ഒരു യാത്രക്കാരന് നിസ്സാര പരിക്കേറ്റതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ യാത്രയാക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.
സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആരംഭിച്ചു.