കാസർകോട്: മംഗൽപാടിയിൽ മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വീഡിയോ കോൺഫറൻസ് മുഖേന നിർവ്വഹിച്ചു. എകെഎം അഷ്റഫ് എം എൽ എ അധ്യക്ഷനായി. ആർദ്രം നിലവാരത്തിലുളള സൗകര്യത്തോടെ 17.47 കോടി രൂപ ചിലവിൽ 26000 ചതുശ്രയടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിൽ ഒ പി, ക്യാഷാലിറ്റി, മൈനർ ഒ.ടി, എക്സ്റേ, അൾട്രാ സൗണ്ട് , സി ടി സ്കാൻ, ഫാർമസി, രണ്ട് ഒ പി കൺസൾട്ടേഷൻ മുറികൾ, സ്റ്റാഫ് റൂം, അന്വേഷണ, സ്വീകരണ കൗണ്ടറുകൾ, കാത്തിരിപ്പ് കേന്ദ്രം, ഇലക്ട്രിക്കൽ റൂം, പൊലീസ് എയ്ഡ് പോസ്റ്റ്, ടോയ്ലറ്റ് എന്നീ സൗകര്യങ്ങൾ ഒരുക്കും.15 മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാനാണ് കരാർ.ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന സ്വാഗതം പറഞ്ഞു. ഡോ. രാമദാസ് എ വി റിപ്പോർട്ട് അവതരിപ്പിച്ചു. മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റുബീന നൗഫൽ, മഞ്ചേശ്വരം പഞ്ചായത്ത് ജീൻ ലെവീന മൊന്റോറൊ, ജില്ലാ പഞ്ചായത്തംഗം ഗോൾഡൻ അബ്ദുൽ റഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ മുഹമ്മദ് ഹനീഫ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷംസീന എ തുടങ്ങിയവർ സംസാരിച്ചു.
