ബർലിൻ: ദക്ഷിണ ജർമനിയിൽ ട്രെയിൻ പാളംതെറ്റി മൂന്നുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു ട്രെയിനിൽ. പ്രാദേശിക പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായതായി പറയുന്നു. അതേസമയം മണ്ണിടിച്ചിലാകാം അപകടകാരണമെന്ന നിഗമനമുണ്ട്. സിഗ്മറിംഗൻ പട്ടണത്തിൽനിന്ന് ഉൽ നഗരത്തിലേക്ക് പുറപ്പെട്ട ട്രെയിൻ വനത്തിന് നടുവിൽവെച്ചാണ് പാളംതെറ്റിയത്. വശത്തേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലാണ് ബോഗികളുള്ളത്. രക്ഷാപ്രവർത്തകർ അതിന് മുകളിൽ നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരം 6 മണിക്കാണ് അപകടം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
