കാസര്‍കോട്: നെല്ലിക്കുന്നില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം നാലുദിവസത്തിന് ശേഷം കണ്ണൂര്‍ മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തി. ഉത്തര്‍പ്രദേശ്, കനോജ് ജില്ലയിലെ ബുള്‍ബുലിയാപൂര്‍ സ്വദേശി റാനു എന്ന ജയ് വീര്‍സിംഗ് (27)ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാസര്‍കോട്ട് എത്തിച്ച് സംസ്‌കരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് യുവാവ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് ബേക്കല്‍ തീരദേശ പൊലീസും ഫയര്‍ഫോഴ്‌സും ഫിഷറീസ് വകുപ്പും സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.
