ലക്നൗ: ക്ഷേത്ര ഉത്സവത്തിനിടെ വൈദ്യുതി കമ്പി മേല്‍ പൊട്ടിവീണ് രണ്ട് മരണം. 29 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ ബരാബങ്കി ജില്ലയിലെ ഹൈദര്‍ഗഡ് പ്രദേശത്തുള്ള അവ്ശനേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് അപകടം. അര്‍ദ്ധരാത്രി ആരംഭിച്ച ജലാഭിഷേക മഹോത്സവത്തില്‍ പങ്കുകൊള്ളാന്‍ ടിന്‍ ഷീറ്റിട്ട മേല്‍ക്കൂരയുള്ള ഭാഗത്ത് കൂടിനില്‍ക്കുകയായിരുന്നു ഭക്തജനങ്ങള്‍. ഈ സമയത്ത് ക്ഷേത്രത്തിന് മുകളില്‍ ചാടിക്കളിച്ചിരുന്ന ഒരു കൂട്ടം കുരങ്ങന്മാര്‍ ഇലക്ട്രിക് കമ്പികള്‍ തകര്‍ത്ത് ഇരുമ്പ് മേല്‍ക്കൂരയ്ക്ക് മുകളിലേക്ക് പൊട്ടിച്ചിട്ടു. ശബ്ദം കേട്ട ഭക്തന്മാര്‍ ചിതറിയോടുകയായിരുന്നു. ആളുകളുടെ മേലാണ് വൈദ്യുതി പ്രവഹിക്കുന്ന കമ്പി വീണത്. ഷോക്കേറ്റ് മുബാരക്പുര സ്വദേശികളായ പ്രശാന്ത് (22), 30 വയസ് തോന്നുന്ന മറ്റൊരു യുവാവ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 32 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഭക്തര്‍ പരിഭ്രന്തരായി നിലവിളിച്ചോടുന്നതിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും പരിക്കേറ്റത്. ഒടുവില്‍ പൊലീസ് ഉടന്‍ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി. മരിച്ച രണ്ടുപേരുടെയും കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം അദ്ദേഹം അപ്രഖ്യാപിച്ചു.
