കാസര്‍കോട്: ജുലൈ 16ന് ബന്തിയോട്ടെ പഴയ സര്‍വീസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പൊളിഞ്ഞുവീഴാറായ കെട്ടിടത്തിനുള്ളില്‍ നിന്ന് 3 ദിവസം പഴക്കമുള്ള മൃതദേഹമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. 50 വയസുപ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം അടുത്ത ദിവസം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. പിന്നീട് ബന്ധുക്കളെത്താത്തതിനാല്‍ സംസ്‌കാരവും പൊലീസ് നടത്തിയിരുന്നു. അതിനിടെ മരണപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് ബന്തിയോട് ടൗണിലൂടെ ആള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഈ ദൃശ്യത്തിലൂടെ മരണപ്പെട്ട ആളെ ബന്ധുക്കള്‍ക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ആളെ അറിയുന്നവര്‍ കുമ്പള പൊലീസുമായി ബന്ധപ്പെടണമെന്ന് എസ്എച്ച്ഒ അറിയിച്ചു. ഫോണ്‍: 04998 213037
