മംഗളൂരു: കർണാടകയിലെ കുടകിൽ കാറും ലോറിയും കൂട്ടിയിടിച്ച് 4 യുവാക്കൾക്ക് ദാരുണാന്ത്യം. മംഗളൂരു-മടിക്കേരി ദേശീയപാത 275 ൽ ദേവരക്കൊല്ലിക്കടുത്ത് ആണ് അപകടം. ഗോണിക്കൊപ്പൽ സ്വദേശികളായ നിഹാദ്, റിസ്വാൻ, റാക്കീബ്, റീഷു എന്നിവരാണ് മരിച്ചത്. മടിക്കേരിയിൽ നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നാലുപേർക്കു ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാക്കിയുള്ള മൂന്ന് പേർ സുലിയയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം.

അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിയവരെ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.