കുമ്പള: തീവണ്ടിയാത്രക്കാര്‍ കുമ്പള റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ തെന്നി വീഴുന്നത് പതിവായിരിക്കുന്നു. കഴിഞ്ഞവര്‍ഷം നടന്ന പ്ലാറ്റ് ഫോം അറ്റകുറ്റപണികള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് മിനുസപ്പെടുത്തിയിട്ടതാണ് പൂപ്പല്‍ കാരണം യാത്രക്കാര്‍ തെന്നി വീഴാന്‍ ഇടയാക്കുന്നതെന്നാണ് ആക്ഷേപം.
റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സ്ത്രീകളും, കുട്ടികളും, പ്രായമായവരുമെല്ലാം പ്ലാറ്റ്‌ഫോമില്‍ തെന്നി വീഴുന്നുണ്ട്. സംഭവം റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയിലും പെടുന്നുണ്ട്. ട്രെയിന്‍ കയറുന്ന സമയത്ത് പോലും ഇത്തരത്തില്‍ തെന്നി വീഴുന്നത് യാത്രക്കാര്‍ക്ക് വലിയ അപകടസാധ്യത ഉണ്ടാക്കുന്നു. പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂര നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. ദുരന്തത്തിന് കാത്തുനില്‍ക്കാതെ ഇക്കാര്യത്തില്‍ അടിയന്തിര പരിഹാര നടപടി എടുക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
