കാസര്‍കോട്: ചെറുവത്തൂര്‍ വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് കാരണമായത് അശാസ്ത്രീയ മണ്ണെടുപ്പാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. നേരത്തെ മണ്ണിടിഞ്ഞപ്പോള്‍ മേഖലയില്‍ ഡ്രോണ്‍ പരിശോധന നടത്തി മലയില്‍ വിള്ളലുണ്ടന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കളക്ടര്‍ വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. ശേഷമാണ് വീണ്ടും മണ്ണിടിഞ്ഞത്. ജില്ലാ ഭരണകൂടം നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ദേശീയപാത അതോറിറ്റി അവഗണിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയാണ് ഇവടെ നിര്‍മാണം നടത്തുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്ക് വീരമലക്കുന്നിലുണ്ട്. സമീപത്തെ വീടുകളിലെ ആളുകള്‍ ഭീതിയിലാണ് കഴിയുന്നത് എന്നും പ്രദേശവാസികള്‍ പറയുന്നു. ഒരുമാസം മുമ്പ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ മലക്ക് മുകളില്‍ കൂടുതല്‍ വിള്ളലുണ്ടെന്ന് കണ്ടെത്തിയിരുന്നു. വീണ്ടും കുന്നിടിഞ്ഞതോടെ വീരമലക്കുന്നിന് സമീപത്തെ പ്രദേശവാസികളും ആശങ്കയിലാണ്. ജില്ലാ ഭരണകൂടം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നാണ് പ്രദേശവാസികളുടെ ആരോപണം. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് രണ്ടാംതവണ മണ്ണിടിച്ചിലുണ്ടായത്. ഒരു കാര്‍ യാത്രക്കാരി അപകടത്തില്‍പ്പെടാതെ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ചയും കനത്തമഴ പെയ്യുന്നുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. വലിയ വാഹനങ്ങളെ മാത്രമാണ് വീരമലക്കുന്നിന് താഴെയുള്ള ദേശീയപാതയിലൂടെ കടത്തിവിടുന്നത്.
