കുമ്പള: കുമ്പളയിലെ ആദ്യ സര്‍ക്കാര്‍ ടൂറിസം പദ്ധതിയായ കിദൂര്‍ പക്ഷി ഗ്രാമം ഒരുങ്ങി. പക്ഷി നിരീക്ഷണത്തിനും, ഗവേഷണത്തിനും ഗ്രാമം സഹായകമാവും. പക്ഷി സ്‌നേഹികള്‍ക്ക് അവയോട് കുശലംപറയാനും അവയുടെ കളികള്‍ കണ്ടു രസിക്കാനും കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ ഡോര്‍മിട്രി പക്ഷി ഗ്രാമം പദ്ധതി
പ്രകൃതിസ്‌നേഹികള്‍ക്കു ഉല്ലാസ കേന്ദ്രമാവുകയാണ്. ഗ്രാമം നടത്തിപ്പിന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ കെട്ടിടം തുറന്നു കൊടുക്കും. ഉദ്ഘാടനത്തിന് മന്ത്രിമാരുമെത്തും.
2019ല്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ചാണ് പക്ഷി ഗ്രാമത്തിന്റെ ഡോര്‍മിട്രി നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ജില്ല നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. നിര്‍മ്മാണത്തിലുണ്ടായ കാലതാമസം വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
കെട്ടിടത്തില്‍ മീറ്റിംഗ് ഹാള്‍, ഓഫീസ് മുറി, കാബിന്‍, താമസത്തിനായുള്ള മുറികള്‍, അടുക്കള, ശൗചാലയങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. പ്രകൃതി രമണീയമായ ഈ പ്രദേശത്ത് ഇനി ടൂറിസം സഞ്ചാരികള്‍ കൂടി എത്തിത്തുടങ്ങുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കിദൂര്‍ കുണ്ടങ്കരടുക്ക പക്ഷി ഗ്രാമത്തിനു 10 ഏക്കര്‍ വിസ്തൃതിയുണ്ട്. ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഗ്രാമം.വിദേശത്തേയും, സ്വദേശത്തേയുമായി 174 വ്യത്യസ്തയിനം പക്ഷികളെ ഇതുവരെയായി ഇവിടെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പക്ഷികളെ കണ്ടെത്തുന്നതിനു ഗവേഷണങ്ങളും നടന്നു വരുന്നുണ്ട്. അപൂര്‍വയിനം പക്ഷികള്‍ കിദൂറിന്റെ ആകര്‍ഷണമാണെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു.
ഏത് വേനലിലും വറ്റാത്ത പ്രകൃതിദത്തമായ ‘കാജൂര്‍ പള്ളം” കിദൂറിന്റെ മാത്രം പ്രത്യേകതയാണ്.എന്നും ആവശ്യത്തിന് വെള്ളം കിട്ടുന്നതിനാലാകാം പക്ഷികള്‍ ഇവിടെ എത്തുന്നതെന്നാണ് പക്ഷി നിരീക്ഷകരുടെ അഭിപ്രായം.
കിദൂരില്‍ താമസസ്ഥലം ഒരുക്കിയതോടെ പക്ഷി ഗ്രാമത്തിലേക്ക് കൂടുതല്‍ പക്ഷി നിരീക്ഷകരും, ഗവേഷകരും, വിദ്യാര്‍ത്ഥികളും, ടൂറിസ്റ്റുകളും എത്തുമെന്ന പ്രതീക്ഷയും നാട്ടുകാര്‍ക്കുണ്ട്.പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങുന്നതോടെ തൊട്ടടുത്ത കുമ്പളയിലെ ആരിക്കാടി കോട്ട, കുമ്പള തടാക ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളും ടൂറിസം വികസനത്തിനു സാഹചര്യമൊരുങ്ങുമെന്നും നാട്ടുകാര്‍ പ്രതീക്ഷിക്കുന്നു.