കാസര്‍കോട്: ദേശീയപാത നിര്‍മാണം നടക്കുന്ന വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചില്‍. ഇതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. വലിയതോതില്‍ പാറയും മണ്ണും റോഡില്‍ പതിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ദേശീയപാതയുടെ നിര്‍മാണം നടത്തുന്ന മേഘ കമ്പനിയുടെ ജീവനക്കാരും സ്ഥലത്തെത്തി കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് മണ്ണ് നീക്കാന്‍ തുടങ്ങിയിട്ടുണ്ട്. മണ്ണിടിഞ്ഞ് വീണതോടെ ദേശീയ പാതയിലെ ഗതാഗതം നിര്‍ത്തിവച്ചു. അച്ചാതുരുത്തി വഴി ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ചന്തേര പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. വീരമലക്കുന്നില്‍ വിളളലുണ്ടെന്ന് ജില്ലാ കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് ഒരുമാസം മുമ്പ് പരിശോധന നടത്തി വീരമലക്കുന്ന് അപകട നിലയിലാണെന്ന് മുന്നറിയിച്ചിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍ഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്‌സും അടിയന്തരമായി എത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
