തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതൽ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ വീട്ടിലാണ് ഭൗതിക ശരീരം ഇപ്പോഴുള്ളത്. തിങ്കളാഴ്ച വൈകിട്ട് ഏഴേകാലോടെയാണ് വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിലെത്തിച്ചത്. ആയിര കണക്കിന് പ്രവർത്തകർ വി എസിന് അന്ത്യാഭിവാദ്യങ്ങളുമായി കാത്തുനിന്നു. രാത്രി ഏറെ വൈകിയും വിഎസിനെ അവസാനമായി കാണാനായി ആയിരങ്ങൾ എകെജി സെന്ററിലെത്തി. രാത്രി പതിനൊന്നേമുക്കാലോടെ മൃതദേഹം തിരുവനന്തപുരത്തെ ബാർട്ടൻഹില്ലിലെ വീട്ടിലേക്ക് എത്തിച്ചു. ഇന്ന് ദർബാർ ഹാളിലെ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ ഒമ്പതിന് സി പി ഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനുവയ്‌ക്കും. 10ന് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയചുടുകാടിലാണ് സംസ്കാരം. വി എസിനോടുള്ള ആദരസൂചകമായി ഇന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ഇന്നലെ വൈകിട്ട് 3.20ന് ആയിരുന്നു വി എസ് അച്യുതാനന്ദന്റെ അന്ത്യം. കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി എസ്. ഒരു മാസക്കാലമായി തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിലായിരുന്ന വി എസിന്റെ ആരോഗ്യനില അതീവ ഗുരുതരമാകുകയായിരുന്നു. മരിക്കുമ്പോൾ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ. ഒരു നൂറ്റാണ്ടിന്റെ വിപ്ലവജീവിതത്തിനാണ് ഇന്നലെ തിരശീല വീണത്.







