ഓര്‍ക്കാപ്പുറത്ത് തലയില്‍ തീ മഴ പെയ്തതു പോലെ, ഒരു ദുരനുഭവം. കര്‍ത്താവേ! എന്ന് വിലപിച്ചിട്ട് കാര്യമില്ല. കര്‍ത്താവിന്റെ ആലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചതാണ് ആപത്തായത്. നാല്‍പ്പത്തയ്യായിരം അമേരിക്കന്‍ ഡോളര്‍ പിഴയടക്കണം. നോട്ടീസ് കിട്ടിയിട്ടുണ്ട്. പതിനാല് ഞായറാഴ്ചകളില്‍ പള്ളിയിലേക്കും തിരിച്ചുമുള്ള യാത്ര- സര്‍ക്കാര്‍ വക ഹെലികോപ്റ്ററില്‍. ഹെലികോപ്റ്റര്‍ വാടകയാണ് ഈ തുക. അനധികൃത യാത്ര നടത്തിയതിനുള്ള പിഴ വേറെയും ഉണ്ടാകും.
അമേരിക്കയിലെ ലൂസിയാന സ്റ്റേറ്റ് ഗവര്‍ണര്‍ ബോബി ജിന്‍ഡാളിനാണ് സര്‍ക്കാര്‍ പിഴ ചുമത്തി കൊണ്ടുള്ള നോട്ടീസ് അയച്ചത്. ഇന്ത്യന്‍ വംശജനാണ് കക്ഷി. മുമ്പ് ഹിന്ദുവായിരുന്നു. അമേരിക്കയിലെത്തിയശേഷം മതം മാറി ക്രിസ്ത്യാനിയായി. പുതു ക്രിസ്ത്യന്‍. അപ്പോള്‍ വിശ്വാസം കൂടുമല്ലോ. മതവിശ്വാസപ്രകാരമുള്ള ആരാധനാ നുഷ്ഠാനങ്ങള്‍ മുടങ്ങാതെ നിര്‍വഹിക്കണം. ഞായറാഴ്ച തോറുമുള്ള കുര്‍ബാന മുടക്കാന്‍ പാടില്ല. ജിന്‍ഡാല്‍ കല്‍പ്പന അനുസരിച്ചു. ഗവര്‍ണ്ണറാണല്ലോ; യാത്രയ്ക്ക് ഹെലികോപ്റ്റര്‍. അതാണ് പൊല്ലാപ്പായത്. പൊതു ഖജനാവിലെ പണം ഒരു വ്യക്തി സ്വന്തം കാര്യത്തിന് വിനിയോഗിക്കാന്‍ പാടില്ല. അത് പൊതു പണം ആണ്. പൊതുവായ കാര്യങ്ങള്‍ക്ക് മാത്രം വിനിയോഗിക്കേണ്ടത്. അതാണ് നിയമം. ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന, നിയമാനുസൃത നികുതിപ്പണം. അത് പൊതുകാര്യങ്ങള്‍ക്കേ വിനിയോഗിക്കാവു. നികുതിദായകരുടെ ക്ഷേമത്തിനുവേണ്ടി. ആ പണം ഒരു വ്യക്തി-അയാള്‍ എത്ര ഉന്നത പദവിയില്‍ അവരോധിക്കപ്പെട്ടിട്ടുള്ള ആളായാലും, സ്വന്തം കാര്യത്തിനെടുക്കരുത്. ആ നിയമമാണ് ബോബി ജിന്‍ഡാല്‍ എന്ന ആദ്യത്തെ ഇന്ത്യക്കാരനായ അമേരിക്കന്‍ ഗവര്‍ണര്‍ ലംഘിച്ചത്. മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നടപടിക്കൊരുങ്ങി.
അഞ്ചു മാസക്കാലത്ത് 14 വാരാന്ത്യ പള്ളി സന്ദര്‍ശനം (വീക്ക് എന്റ് ചര്‍ച്ച് വിസിറ്റ്) ലൂസിയാനയിലെ പത്രം ‘ദ അഡ്വക്കേറ്റ്’ റിപ്പോര്‍ട്ട് ചെയ്തു. സ്വകാര്യ ആവശ്യങ്ങള്‍ക്കായി 36 ഹെലികോപ്റ്റര്‍ യാത്ര-ഇതില്‍ 14 യാത്ര പള്ളിയിലേക്ക്. പിഴ യടക്കണം; പൊതുജനാവില്‍ നിന്ന് എടുത്ത പണം തിരിച്ചടക്കണം. ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. പത്രങ്ങള്‍ ആവശ്യപ്പെട്ടു.
കര്‍ത്താവിന്റെ പ്രതിപുരുഷനായ വൈദികന്‍ കല്‍പ്പിക്കുമ്പോഴെല്ലാം പള്ളിയില്‍ പോകേണ്ടത് വിശ്വാസിയെന്ന നിലയില്‍ തന്റെ കടമയല്ലേ-ലിന്‍ഡാന്‍ വാദിച്ചു നോക്കി. അമേരിക്കയില്‍ പൊളിറ്റിക്കിംഗ് ആന്‍ഡ് പ്രീച്ചിംഗ് (രാഷ്ട്രീയവും വിശ്വാസവും) തമ്മില്‍ വ്യക്തമായ അതിര്‍ രേഖയുണ്ട്. ബോബി ജിന്റാല്‍ എന്ന ഗവര്‍ണര്‍ അത് ലംഘിച്ചു. ശിക്ഷാര്‍ഹമായ കുറ്റം.
എന്നാല്‍ ഇന്ത്യയിലോ? രാഷ്ട്രപതി, ഗവര്‍ണര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഉന്നത അധികാര സ്ഥാനങ്ങളിലിരിക്കുന്നവരെല്ലാം ഖജനാവിലെ പണം ഉപയോഗിച്ച് ക്ഷേത്രദര്‍ശനം, പള്ളിയാത്ര (ചര്‍ച്ചും മോസ്‌കും)
ഇന്ത്യ മതേതര രാഷ്ട്രമാണ്-(സെക്യുലര്‍ സ്റ്റേറ്റ്) മതം വ്യക്തിയുടെ കാര്യം. വ്യക്തിയും ദൈവവും തമ്മിലുള്ള ബന്ധത്തിന്റെ കാര്യം അങ്ങനെ തന്നെ ആയിരിക്കണം. വിശ്വാസത്തിന്റെയും ആരാധനാക്രമങ്ങളുടെയും കാര്യത്തില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാന്‍ അവകാശമുണ്ട് പൗരന്മാര്‍ക്ക്. എന്നാല്‍ രാഷ്ട്രത്തിന് മതമില്ല. അതാണ് മതേതരത്വം അര്‍ത്ഥമാക്കുന്നത്. മതസ്വാതന്ത്ര്യം സംബന്ധിച്ചുള്ള അമേരിക്കന്‍ വ്യാഖ്യാനമാണ് നമുക്കും ആസ്പദമായിട്ടുള്ളത്. ഡോക്ടര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കരട് രൂപം എഴുതി തയ്യാറാക്കിയ ഏഴംഗസമിതി 9 ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന 395 വകുപ്പുകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നത്-എഴുതി തയ്യാറാക്കി സഭയില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് അംഗീകരിച്ച് 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വന്നത്. 1951ല്‍ ഒന്നാമത്തെ ഭേദഗതി ആദ്യത്തെ 55 വര്‍ഷക്കാലത്ത് 92 ഭേദഗതി സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ്-ഈ വിശേഷണങ്ങള്‍ ആദ്യം എഴുതി ചേര്‍ത്തിട്ടുണ്ടായിരുന്നില്ല. 1975 അതും ചെയ്തു. എന്നിട്ടോ? അമേരിക്കന്‍ ആശയമാണത്രെ സെക്യുലറിസത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകരിച്ചത്.
അമേരിക്കയില്‍ ജിന്‍ഡാലിനുണ്ടായ അനുഭവം ഇന്ത്യയില്‍ ആര്‍ക്കെങ്കിലും ഉണ്ടായോ? ചില ഉദാഹരണങ്ങള്‍: കെ കരുണാകരന്‍-എല്ലാ മലയാളമാസം ഒന്നാം തീയതിയും ഗുരുവായൂരില്‍ എത്തി-മുഖ്യമന്ത്രിയായിരിക്കെ സര്‍ക്കാര്‍ ചെലവില്‍ യാത്ര. വാഹന വ്യൂഹം സെക്യൂരിറ്റിക്ക്. ജസ്റ്റിസ് വി.പി മോഹന്‍കുമാര്‍, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരിക്കെ ലീഡര്‍ജിയുടെ മാതൃക സ്വീകരിച്ചു. മാസംതോറും കമ്മീഷന്‍ സിറ്റിംഗ്. തൃശ്ശൂര്‍ ജില്ലയിലേത് ഗുരുവായൂര്‍ സന്ദര്‍ശനം കണക്കിലെടുത്ത്. മറ്റു ജില്ലകളില്‍ സൗകര്യമുള്ള ഗസ്റ്റ് ഹൗസുകളില്‍.
ഇതര മതസ്ഥരും ഇതുപോലെ. ഇഫ്താര്‍ വിരുന്ന് സര്‍ക്കാര്‍ ചെലവില്‍ നടത്തിയ മന്ത്രിമാര്‍ നമുക്കുണ്ടല്ലോ. നമ്മുടെ ഭരണഘടന നിര്‍മ്മാണ സഭയിലെ ചര്‍ച്ചകള്‍ ഉപസംഹരിച്ചുകൊണ്ട് പ്രസിഡണ്ട് ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഒരു രാജ്യം അര്‍ഹിക്കുന്ന ഭരണകൂടമേ അതിന് ലഭിക്കുകയുള്ളൂ.
നമുക്ക് ലഭിച്ചതും നാം അര്‍ഹിക്കുന്നത്. ഭരണഘടനയില്‍ ഉള്ളത് ഒന്ന്; പറയുന്നത് മറ്റൊന്ന്, ചെയ്യുന്നത് മൂന്നാമതൊന്ന്! സെക്യുലറിസം-അവിടെ അങ്ങനെ. ഇവിടെ ഇങ്ങനെ.
