കാസര്‍കോട്: പാണത്തൂര്‍ മഞ്ഞടുക്കം പുഴയില്‍ കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി. കര്‍ണാടക ബല്‍ഗാം സ്വദേശി ദുര്‍ഗപ്പയുടെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ വട്ടക്കയത്ത് കണ്ടെത്തിയത്. ഈമാസം 17 ന് ഉച്ചയ്ക്കാണ് യുവാവിനെ കാണാതായത്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ രാജപുരം എസ്റ്റേറ്റില്‍ കൈതച്ചക്ക കൃഷിക്ക് നിലമൊരുക്കാനായി എത്തിയ മണ്ണുമാന്തി യന്ത്രത്തിന്റെ സഹായിയായിരുന്നു യുവാവ്. ഉച്ചഭക്ഷണം എടുക്കാന്‍ കരിക്കെയിലെ താമസ സ്ഥലത്ത് ബൈക്കില്‍ പോകുമ്പോള്‍ ഒഴുക്കില്‍പെട്ടെന്നാണ് സംശയിക്കുന്നത്. ബൈക്കും കാണാതായിരുന്നു. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് കരാറുകാരന്‍ കുടക് സ്വദേശി യുവാനന്ദ രാജപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൂന്നുദിവസം ഫയര്‍ഫോഴ്‌സ്, സ്‌കൂബ ടീം, പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി തെരച്ചില്‍ നടത്തിയിരുന്നു.
