ഷാർജയിൽ മലയാളി യുവതി മരിച്ച നിലയിൽ; അതുല്യ മരിച്ചത് പിറന്നാൾ ദിനത്തിൽ, ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഷാർജ: കൊല്ലം സ്വദേശിനിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ശനിയാഴ്ച പിറന്നാൾ ദിനമായിരുന്നു. ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏക മകൾ ആരാധിക(10) അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള, മാതാവ് തുളസിഭായ് പിള്ള എന്നിവരുടെ കൂടെ നാട്ടിലെ സ്കൂളിലാണ് പഠിക്കുന്നത്. ഷാർജ ഫോറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. അതേസമയം യുവതിക്ക് ശങ്കറിൽ നിന്ന് ക്രൂര പീഡനം നേരിട്ടതായി കുടുംബം ആരോപിച്ചു രംഗത്തുവന്നു. മരണത്തിന് തൊട്ടുമുൻപുള്ള ദിവസം അതുല്യ താൻ നേരിട്ട പീഡനങ്ങൾ വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും സഹോദരിക്ക് അയച്ചു നൽകിയിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കാണാം. സതീഷ് ക്രൂരമായാണ് അതുല്യയോട് പെരുമാറിയതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിവാഹം കഴിഞ്ഞ സമയം മുതല്‍ പ്രശ്‌നങ്ങളായിരുന്നുവെന്ന് അതുല്യയുടെ സുഹൃത്ത് പറയുന്നു. അതുല്യക്ക് സതീഷിനോട് വലിയ സ്‌നേഹമായിരുന്നുവെന്നും ബന്ധമൊഴിയാന്‍ വീട്ടുകാർ നിർബന്ധിച്ചിട്ടും തയാറായിരുന്നില്ലെന്നും സുഹൃത്ത് പറയുന്നു. വഴക്കിന് ശേഷം സതീഷ് പലപ്പോഴും മാപ്പ് പറഞ്ഞ് പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കുന്നത് കൊണ്ട് അതുല്യ എല്ലാം മറന്ന് കൂടെ നിൽക്കുകയായിരുന്നെന്നും അവർ പറയുന്നു. അതുല്യ ഷാർജയിൽ ജീവനൊടുക്കിയത് ഭർതൃ പീഡനത്തെ തുടർന്നെന്ന മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. സതീഷിനെതിരെ ശാരീരിക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തി. അമ്മയുടെ മൊഴി പ്രകാരമാണ് ചവറ തെക്കുംഭാഗം പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. സതീഷിന്റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയേക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page