ഷാര്‍ജ: ഫ്‌ലാറ്റിനുള്ളില്‍ കൊല്ലം സ്വദേശി അതുല്യയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യ പോയതിന് പിന്നാലെ താനും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സതീഷ് ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചു. അതുല്യയ്ക്ക് ജോലിക്ക് പോകാനുള്ളതെല്ലാം താന്‍ ചെയ്തിരുന്നു. ശനിയാഴ്ച പോകാനുള്ള വണ്ടി ശരിയാക്കി. വേണ്ട സാധനങ്ങള്‍ വാങ്ങി നല്‍കി. ആവശ്യത്തിനുള്ള പണവും നല്‍കിയിരുന്നു. അവധി ദിനങ്ങളില്‍ മദ്യപിക്കാറുണ്ട്. ശനിയാഴ്ചയും മദ്യപിച്ചിരുന്നു. കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുകൂട്ടുകാരന്‍ വിളിച്ചതിനെ തുടര്‍ന്ന് ഫ്‌ളാറ്റില്‍ നിന്ന് പുറത്തുപോയി. തിരിച്ചുവന്നപ്പോള്‍ ഞാന്‍ കണ്ടത് അവള്‍ തൂങ്ങിനില്‍ക്കുന്നതാണെന്ന് സതീഷ് പറഞ്ഞു. തന്റെ കാവി കയിലി ഉപയോഗിച്ചാണ് തൂങ്ങിയത്. കാല്‍ തറയില്‍ വയ്ക്കാവുന്ന രീതിയില്‍ ആണ് തൂങ്ങിനില്‍ക്കുന്നതെന്നും മൂന്ന് പേര്‍ ചേര്‍ന്ന് പിടിച്ചാല്‍ അനങ്ങാത്ത ഞങ്ങളുടെ കട്ടില്‍ ദിശ മാറി കിടക്കുകയായിരുന്നുവെന്നും സതീഷ് പറയുന്നു. അവളുടെ ചിന്തയില്‍ ഇന്നലെ അവള്‍ തൂങ്ങിയ അതെ ഫാനില്‍ ഞാനും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് അന്വേഷണത്തിന് തയ്യാറാണെന്നും വേണമെങ്കില്‍ സിസിടിവി ദൃശ്യം പരിശോധിക്കാമെന്നും സതീഷ് മാധ്യമത്തോട് പറഞ്ഞു. അതേസമയം ഭാര്യ മരണപ്പെട്ടതിന് പിന്നാലെ സതീഷ് താനും പോകുന്നുവെന്ന് ഫേസ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അതിനിടെ അതുല്യയുടെ കുടുംബം നല്‍കിയ പരാതിയില്‍ സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സതീഷിനെതിരെ ശാരിരീക പീഡനം, സ്ത്രീധന പീഡനം എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
