ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്. 53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടർ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതായാണ് വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്. വലിപ്പമുള്ള ആലിപ്പഴ വർഷവും ശക്തമായ മഴയും ഇടിയും മിന്നലും അപകട സമയത്ത് ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളിൽ കുറഞ്ഞത് എട്ട് പേർ കുട്ടികളാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴ കാണാതായവർക്കുള്ള തിരിച്ചലിന് തടസ്സം സൃഷ്ടിക്കുന്നു വെന്നാണ് വിവരം. അപകടത്തിൽപ്പെട്ട 11 പേരെ രക്ഷപെടുത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്.വിയറ്റ്നാമീസ് പ്രധാനമന്ത്രി ഫാം മിൻ ചിൻ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പെട്ട സ്ഥലം കൂടിയാണ് അപകടം നടന്ന ഹാ ലോങ് ബേ.
