കാസർകോട്: പ്ലസ്ടു സേ പരീക്ഷയിൽ മാർക്ക് കുറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ജീവനൊടുക്കി. വെള്ളരിക്കുണ്ട് സെൻറ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ചെമ്പൻകുന്നിലെ കിഴക്കേക്കുറ്റ് (മീമ്പുഴയ്ക്കൽ) ബിനു തോമസിന്റെയും ശിൽപയുടെയും മകൻ ക്രിസ്റ്റോ തോമസ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടിനടുത്തുള്ള ആള്‍ത്താമസമില്ലാത്ത വീടിന്റെ മുറിയില്‍ കയറില്‍ തൂങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ മാർച്ചിൽ നടന്ന പരീക്ഷയിൽ പരാജയപ്പെട്ട ക്രിസ്റ്റോ തുടർ പഠനം ലക്ഷ്യമിട്ടായിരുന്നു സേ പരീക്ഷ എഴുതിയത്. നഴ്സിംഗ് പഠനത്തിനായി അഡ്മിഷനും നേടിയിരുന്നു. എന്നാൽ സേ പരീക്ഷ ഫലം വന്നപ്പോഴും ക്രിസ്റ്റോക്ക് മാർക്ക് കുറഞ്ഞു. ഈ മനോവിഷമത്തിലാണ് ക്രിസ്റ്റോ ജീവനോടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. സഹോദരങ്ങൾ: കെവിൻ, എഡ് വിൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫെറോന പള്ളിയിൽ.
