കാസര്‍കോട്: കനത്ത മഴയില്‍ അഡൂര്‍ കൊരിക്കണ്ടയില്‍ മൂന്നാം തവണയും കുന്ന് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അഡൂരില്‍ നിന്ന് കടിക്കജെയിലേക്കുള്ള റോഡിലാണ് കുന്ന് ഇടിഞ്ഞ് മണ്ണും പാറകളും വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ദേലംപാടി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൊരിക്കണ്ടയില്‍ തുടര്‍ച്ചയായുള്ള മണ്ണിടിച്ചില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ പ്രശ്‌നം വാര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുള്ളേരിയ, കാസര്‍കോട് ഭാഗത്തേയ്ക്കും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഈ റോഡിനെ ആശ്രയിക്കുന്നവരാണ് ദുരിതത്തിലായിരിക്കുന്നത്. കുന്നിടിഞ്ഞ് വീണ മണ്‍കൂന നീക്കം ചെയ്യുന്നത് ശ്രമകരമാണെന്ന് ഗ്രാമവാസികള്‍ പറയുന്നു. മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് മണ്ണ് നീക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
