കാസർകോട്: കുമ്പള ദേശീയപാതയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് അരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു നിന്നു. ഒഴിവായത് വൻ ദുരന്തം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തുള്ള സർവീസ് റോഡിൽ വച്ചായിരുന്നു അപകടം. മംഗളുരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. സർവ്വീസ് റോഡ് വഴി കുമ്പള ടൗണിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടു സുരക്ഷ ഭിത്തിയിൽ ഇടിച്ചു കയറുകയായിരുന്നു. അമ്പതോളം യാത്രക്കാർ ബസ്സിൽ ഉണ്ടായിരുന്നു. പരിക്കേറ്റ യാത്രക്കാരെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരെയും വിട്ടയച്ചു. ഡ്രൈവറുടെ അശ്രദ്ധയും ടയറിന്റെ തേയ്മാനവും ആണ് ബസ് അപകടത്തിൽ പെടാൻ കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.
