ആലപ്പുഴ: വിഷക്കായ കഴിച്ച് 55 കാരന്‍ ജീവനൊടുക്കി. തുമ്പോളി മംഗലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചതിന്റെ പേരില്‍ മര്‍ദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും ആത്മഹത്യയ്ക്ക് കാരണമായി എഴുതിവച്ച ശേഷമാണ് വിഷം കഴിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്നു രാവിലെയാണ് മരണം. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. പുലയന്‍വഴി കറുക ജംഗ്ഷനു സമീപത്തെ ലോഡ്ജില്‍ ബെന്നി വെള്ളിയാഴ്ച വൈകിട്ട് ഇയാള്‍ ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയില്‍ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭാര്യയെ ശല്യം ചെയ്യാന്‍ വന്നതായി കരുതി ഭര്‍ത്താവ് ഷുക്കൂര്‍ ബെന്നിയെ ക്രൂരമായി മര്‍ദിച്ചു. പിന്നീട് മുറിയിലേക്ക് തിരിച്ചുവന്ന ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്ന ആളാണെന്ന് തൂവാലയില്‍ സ്‌കെച്ച് പേന ഉപയോഗിച്ച് എഴുതി വച്ചു. മുറിയുടെ തറയില്‍ ഷുക്കൂര്‍ തന്നെ മര്‍ദ്ദിച്ചതായും എഴുതി. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതോടെ സൗത്ത് പൊലീസ് ഷുക്കൂറിനെ കസ്റ്റഡിയിലെടുത്തു.
