കാസര്‍കോട്: വാഹനാപകടത്തില്‍ യുവാവ് മരിച്ച കേസില്‍ വിചാരണയ്ക്ക് ഹാജരാകാതിരുന്ന യുവാവ് അറസ്റ്റില്‍. കയ്യാറിലെ അബ്ദുല്‍ റഹ്‌മാനെയാണ് ഹൊസ്ദുര്‍ഗ്ഗ് ഡിവെ. എസ്.പി. ബാബു പെരിങ്ങേത്തിന്റെ സ്‌ക്വാഡ് ഉപ്പളയില്‍ വച്ച് അറസ്റ്റു ചെയ്തത്. 2022 മാര്‍ച്ച് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പിലിക്കോട്, തോട്ടംഗേറ്റിനു സമീപത്തു വച്ച് ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ അബ്ദുല്‍ റഹ്‌മാന്‍ ഓടിച്ചിരുന്ന ബൈക്ക് എതിരെ വരികയായിരുന്ന ലോറിയെ കണ്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന മംഗല്‍പാടി, പച്ചമ്പളം സ്വദേശി കാമില്‍ മുബഷീര്‍ ബൈക്കില്‍ നിന്നു വീണു മരിച്ച കേസിലെ പ്രതിയാണ്. കേസില്‍ ചന്തേര പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും അബ്ദുല്‍ റഹ്‌മാന്‍ വിചാരണയ്ക്ക് ഹാജരായില്ല. ഇതേ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി ഇയാളെ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അപകടം നടക്കുന്ന സമയത്ത് ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ന്മാരായ ജ്യോതിഷ്, അജിത്ത്, സുധീഷ് എന്നിവരാണ് സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.
