കാസർകോട്: ബൈക്കിൽ മൂന്നു കിലോ കഞ്ചാവ് കടത്തിയ കേസിൽ പാവൂർ സ്വദേശിയായ യുവാവിന് രണ്ട് വർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പാവൂർ ഗീർകട്ട സ്വദേശി രാജേഷ് എന്ന രാജു(42)വിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധികതടവും അനുഭവിക്കണം. 2020 ഡിസംബർ 12നാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം അഞ്ച് മണിക്ക് മഞ്ചേശ്വരം താലൂക്കിൽ കുഞ്ചത്തൂർ വില്ലേജിൽ ഗീർകട്ട എന്ന സ്ഥലത്തു ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് മൂന്ന് കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. അന്നത്തെ കുമ്പള എക്സൈസ് ഇൻസ്പെക്ടർ എൻ നൗഫൽ, പ്രിവൻ്റീവ് ഓഫീസർമാരായ രാജീവൻ പി, ജിജിത്ത്കുമാർ, നസറുദീൻ എ കെ, സത്യൻ ഇ കെ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. തുടർന്ന് പ്രതിയെ അറസ്റ്റും ചെയ്തു. തുടർ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് കാസർകോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ജോയ് ജോസഫാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.
