ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനും മകളുടെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാനും തീരുമാനം. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചർച്ചയിലാണ് തീരുമാനം. നേരത്തേ ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. നേരത്തേ ഇരുവരുടെയും മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് വിപഞ്ചികയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇതു സംബന്ധിച്ച സൂചനയില്ലെന്നാണ് വിവരം.
