കാസര്‍കോട്: തൃക്കണ്ണാട് ക്ഷേത്രത്തിനു മുന്‍വശം അപകടാവസ്ഥയിലായിരുന്ന 40 അടി ഉയരമുള്ള ഹൈമാസ്റ്റ് ലൈറ്റ് അഗ്നിശമന സേന അഴിച്ചുമാറ്റി. ശക്തമായ മഴയിലും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് ഏത് സമയവും നിലം പതിച്ച് വീഴാവുന്ന അവസ്ഥയിലായിരുന്ന ലൈറ്റ്. കഴിഞ്ഞ ഒരുമാസമായി നാട്ടുകാര്‍ക്കും കടല്‍ക്കരയില്‍ കയറ്റി വെച്ചിരുന്ന മീന്‍പിടുത്ത വള്ളങ്ങള്‍ക്കും ഭീഷണിയായി നിലനില്‍ക്കുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം അഗ്നിശമന സേന സംഭവസ്ഥലം സന്ദര്‍ശിച്ച് കെഎസ്ഇബിയുടെ സഹായത്താല്‍ ഹൈമാസ്റ്റ് ലൈറ്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ തൃക്കണ്ണാട് കടല്‍തീരത്തെ കടലാക്രണ ഭീതിയെ തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. കാസര്‍കോട് അഗ്‌നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ വിനോദ് കുമാറിന്റെയും സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണുഗോപാലിന്റെയും നേതൃത്വത്തില്‍ സേനയെത്തി. നാലു മണിക്കൂര്‍ ശ്രമഫലമായി നാട്ടുകാരുടെ സഹായത്തോടുകൂടി ഹൈമാസ്റ്റ് ലൈറ്റിന്റെ പില്ലറില്‍ നിന്നും ലൈറ്റ് അസംബ്ലി താഴെ ഇറക്കി. പിന്നീട് ക്രെയിനിന്റെ സഹായത്താല്‍ സുരക്ഷിതമായി ഇരുമ്പ് പില്ലര്‍ താഴെയിറക്കുകയായിരുന്നു. സേനാംഗങ്ങളായ പി.സി മുഹമ്മദ് സിറാജുദ്ദീന്‍, കെവി ജിതിന്‍ കൃഷ്ണന്‍, സി.വി ഷബില്‍ കുമാര്‍, ഹോംഗാര്‍ഡ് വിജി വിജിത് നാഥ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ലക്ഷ്മി, സെക്രട്ടറി ജോബിന്‍, വാര്‍ഡ് മെമ്പര്‍മാരായ കെ വിനയകുമാര്‍, ജലീല്‍ കാപ്പില്‍, ഷൈനി മോള്‍ എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.
