ജീവിത ശൈലി രോഗങ്ങളില്‍ പൊറുതിമുട്ടിയതോടെ നമ്മുടെ ആഹാരക്രമത്തിന്റെ ഭാഗമായ പോഷകങ്ങളുടെ കലവറയാണ് ചീയാ സീഡ്. വെള്ളത്തില്‍ കുതിര്‍ത്തോ യോഗര്‍ട്ടിനൊപ്പം ചേര്‍ത്തോ പ്രഭാത ഭക്ഷണമായാണ് ഇവ കഴിക്കുക. ഒപ്പം ചിയ സീഡ് പുഡ്ഡിങ്ങുകളും പാകം ചെയ്ത് കഴിക്കുന്നവരുണ്ട്. ഒമേഗ-3 ഫാറ്റി ആസിഡുകളും പ്രോട്ടീനും നാരുകളും ധാതുക്കളും നിരവധി ആന്റിഓക്‌സിഡുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ദഹന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തടി കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഉള്‍പ്പെടെ ഇവ സഹായിക്കുന്നു. എന്നാല്‍ അധികമായി ഇവ കഴിക്കുന്നത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദഹനപ്രശ്‌നങ്ങള്‍
ചിയാസീഡില്‍ വന്‍തോതില്‍ ഫൈബറുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കൂടുതല്‍ കഴിക്കുന്നത് മലബന്ധം, വയറുവേദന, ഗ്യാസ്, ദഹനക്കേട് എന്നിവയ്ക്കു കാരണമാകും. ഒപ്പം വന്‍കുടല്‍ പുണ്ണ്, ക്രോണ്‍സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഇവ കഴിക്കുന്നതിനു മുന്നോടിയായി ഡോക്ടറുടെ ഉപദേശം തേടണം.
അലര്‍ജി
അപൂര്‍വമാണെങ്കിലും ചിലരില്‍ ഇവ അലര്‍ജിക്കു കാരണമാകും. ചര്‍മ്മത്തില്‍ ചൊറിച്ചില്‍, തടിപ്പ്, ശ്വാസം മുട്ടല്‍ ഉള്‍പ്പെടെ അനുഭവപ്പെടാം. അതിനാല്‍ ചിയ വിത്തുകള്‍ ആദ്യമായി പരീക്ഷിക്കുന്നവര്‍ ചെറിയ തോതില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം
കഴിക്കുന്ന രീതി ശ്രദ്ധിക്കണം
സ്വന്തം ഭാരത്തിന്റെ 27 ഇരട്ടിയോളം വെള്ളം ആഗിരണം ചെയ്യാന്‍ ചീയാ സീഡിന് കഴിയും. അതിനാല്‍ ജലാംശമില്ലാത്ത ചിയാ സീഡ് കഴിച്ച ശേഷം വെള്ളം കുടിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. വെള്ളം കുടിക്കുന്നതോടെ ചിയാ സീഡ് വികസിക്കുകയും അന്നനാളത്തില്‍ കുടുങ്ങി കിടക്കുകയും ചെയ്യും. ഇത് നീക്കം ചെയ്യാന്‍ എന്‍ഡോസ്‌കോപ്പി ആവശ്യമായി വരും.
പ്രോസ്റ്റേറ്റ് കാന്‍സറിനും കാരണമായേക്കാം
ഒരിനം ഒമേഗ 3 ഫാറ്റി ആസിഡായ ആല്‍ഫ ലിയോലെനിക് ചിയ സീഡില്‍ ധാരാളമുണ്ട്. ഇവ കൂടുതലായി കഴിക്കുന്നത് പ്രോസ്റ്റേര്‌റ് കാന്‍സറിലേക്കു നയിക്കുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വൃക്ക രോഗങ്ങള്‍
ചിയാ സീഡുകളില്‍ ഓക്‌സലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വന്‍ തോതില്‍ കാല്‍സ്യം അടിഞ്ഞു കൂടാനും വൃക്കയില്‍ കല്ലുകള്‍ ഉണ്ടാകാനും കാരണമാകും. അതിനാല്‍ വൃക്കരോഗമുള്ളവര്‍ പതിവായി ഇവ കഴിക്കുന്നതിനു മുന്‍പ് ഡോക്ടറുടെ നിര്‍ദേശം തേടണം.