കാസര്‍കോട്: കുമ്പള പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഭരണസമിതിയിലെ പ്രതിപക്ഷ ബിജെപി അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ നാലര വര്‍ഷമായി പഞ്ചായത്തില്‍ നടക്കുന്ന ദുര്‍ഭരണത്തില്‍ സഹികെട്ടാണ് നോട്ടീസ് നല്‍കിയതെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. രാഷ്ട്രീയത്തിന്റെയും പണത്തിന്റെയും മസില്‍ പവറിന്റെയും ബലത്തിലാണ് നാലര വര്‍ഷമായി പഞ്ചായത്തില്‍ ദുര്‍ഭരണം നടക്കുന്നതെന്നും ഇതില്‍ മനം മടുത്താണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നതെന്നും അവര്‍ തുടര്‍ന്ന് പറഞ്ഞു. അവിശ്വാസ നോട്ടീസ് ബുധനാഴ്ച വൈകീട്ട് ബിജെപി മെമ്പര്‍മാരായ പ്രേമാവതി, പ്രേമലത എസ്, സുലോചന പി, ശോഭ എസ്, വിദ്യ എന്‍ പൈ, പുഷ്പലത, വിവേകാനന്ദ ഷെട്ടി, അജയ് എം, മോഹന്‍ കെ എന്നിവര്‍ ചേര്‍ന്ന് റിട്ടേണിങ് ഓഫീസറായ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോണ്‍ എ ഡിക്രൂസിന് കൈമാറി. 23 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ഭരണകക്ഷിയായ ലീഗിന് ഏഴും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് വിമതനായി മല്‍സരിച്ച് വിജയിച്ച ഒരംഗവുമുണ്ട്. എസ്.ഡി.പി.ഐയുടെ ഒരംഗവും ലീഗിനെ പിന്തുണയ്ക്കുന്നു. 2 കോണ്‍ഗ്രസ് അംഗങ്ങളും ഭരണപക്ഷത്തുണ്ട്. ബി.ജെ.പിക്ക് 9 അംഗങ്ങളാണ് പഞ്ചായത്ത് ഭരണ സമിതിയിലുള്ളത്. സിപിഎമ്മിന് 2 സ്വതന്ത്രന്‍മാര്‍ ഉള്‍പെടേ 3 അംഗങ്ങളുണ്ട്. അടുത്തിടെ കുമ്പള ബസ് സ്റ്റാന്‍ഡില്‍ നിര്‍മിച്ച നാല് വെയിറ്റിങ് ഷെഡുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം മറനീക്കി പുറത്തുവന്നത്. പഞ്ചായത്ത് ഭരണ സമിതിക്ക് എതിരെ നടന്ന പ്രതിഷേധത്തില്‍ സിപിഎമ്മും എസ്ഡിപിഐയും മുന്‍ നിരയിലായിരുന്നു. അവിശ്വാസപ്രമേത്തില്‍ ഇവര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമായിരിക്കും.
