യെമൻ: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും തുടരും. ദയാധനം സംബന്ധിച്ചു അന്തിമ തീരുമാനത്തിൽ എത്തുന്നതിനാണ് ശ്രമം തുടരുന്നത്. അതേ സമയം കൊല്ലപ്പെട്ട നിമിഷപ്രിയക്കു ഒരു തരത്തിലുമുള്ള മാപ്പ് നൽകാനും തയ്യാറല്ലെന്നു കുടുംബാംഗം മാധ്യമങ്ങളോടു ഇന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും നിമിഷപ്രിയയുടെ മോചനത്തിന് എല്ലാ വഴികളും അടഞ്ഞ സാഹചര്യത്തിൽ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബുബക്കർ മുസ്ല്യാരും ചാണ്ടി ഉമ്മൻ എം.എൽ.എയും നടത്തിയ ഇടപെടലും അതുണ്ടാക്കിയ ആശാവഹവും പ്രതീക്ഷാനിർഭരവുമായ അന്തരീക്ഷവും നാടിൻ്റെ ആവേശമായി നിലനിൽക്കുന്നുണ്ട്. ഈ മാനുഷിക പ്രവർത്തനത്തിനു നാട് ഐക്യദാർഢ്യം പകർന്നു അവർക്കൊപ്പം ചേർന്നിരിക്കുകയാണ്. ആ ശ്രമം വിജയിക്കുമെന്നു നാട് പ്രത്യാശിക്കുകയാണ്. ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അധികാരം ശരിയത്ത് നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബത്തിനാണുള്ളത്. 8 കോടി രൂപയാണ് കൊല്ലപ്പെട്ട തലാൽ അബു മഹ്ദിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടിരുന്നതെ ന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ചില കുടുംബാംഗങ്ങളും ഗോത്രനേതാക്കളും വധശിക്ഷ നടപ്പിലാക്കണം എന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്.
ഇന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ചർച്ചകളെ തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വയ്ക്കാൻ യെമനിലെ കോടതി ഉത്തരവിട്ടിരുന്നു. പുതിയ തീയതി നിശ്ചയിക്കാത്തതിനാൽ ചർച്ചകൾക്കു സമയം ലഭിക്കുമെന്നതു വലിയ പ്രതീക്ഷ നൽകുന്നു.
