ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ഇന്ന് കുഞ്ഞിന്റെ മൃതദേഹം ദുബായിൽ സംസ്കരിക്കാൻ വിപഞ്ചികയുടെ ഭർത്താവ് നിതീഷ് തീരുമാനിച്ചിരുന്നു. എന്നാൽ ഇതു തടയണമെന്നാവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റിന്റെ അടിയന്തര ഇടപെടൽ തേടി. ഇതോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നിതീഷുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഇതോടെ സംസ്കരിക്കാൻ കൊണ്ടുവന്ന മൃതദേഹം തിരികെ കൊണ്ടുപോയി. വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിൽ എത്തിക്കണമെന്നാണ് അമ്മ ഷൈലജ ആവശ്യപ്പെടുന്നത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്ന് കോൺസുലേറ്റ് അറിയിച്ചു. വിപഞ്ചികയുടെ കുടുംബം ഇന്നാണ് ഷാർജയിലെത്തിയത്. മൃതദേഹങ്ങൾ വിട്ടു കിട്ടാൻ ഷാർജ കോടതിയെ സമീപിക്കുമെന്ന് ഇവർ വ്യക്തമാക്കി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പു മുറിയിലെ ഊഞ്ഞാലിന്റെ കയറിൽ മകളെ കൊലപ്പെടുത്തി തൂക്കിയ ശേഷം വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു. ഭർത്താവും ഭർതൃ വീട്ടുകാരമാണ് മരണത്തിനു ഉത്തരവാദിയെന്ന വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. തുടർന്ന് ഭർത്താവ് നിതീഷ്, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു.
