കാസർകോട്: കടലാക്രമണത്തിൽ തൃക്കണ്ണാട് ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള കോട്ടിക്കുളം കൊടുങ്ങല്ലൂർ മണ്ഡപത്തിന്റെ ചുമരുകൾ തകർന്നുവീണു. ഒപ്പം ചുറ്റുമുള്ള ജനലുകളും തകർന്നു. കെട്ടിടത്തിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്രസ്ഥാനികന്മാർ കൊടുങ്ങല്ലൂർ മണ്ഡപത്തിന് മുന്നിൽ കൂട്ടപ്രാർത്ഥന നടത്തി. ദേവിയുടെ കരിങ്കൽ പ്രതിഷ്ഠ എടുത്തുമാറ്റി. മണ്ഡപത്തിന് സമീപത്തുള്ള കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ കെട്ടിടത്തിനും തകർച്ചയുണ്ട്. കടലാക്രമണം രൂക്ഷമായാൽ മണ്ഡപം പൂർണമായും കടലെടുക്കും.
