സനാ: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് യെമനിൽ നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. കാന്തപുരം അബൂബക്കർ മുസ്ല്യാരുടെ ഇടപെടലിനെ തുടർന്നു നടക്കുന്ന ചർച്ചയിൽ യെമനിലെ ഭരണകൂട പ്രതിനിധികൾ, ഗോത്ര തലവന്മാർ, കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ സഹോദരൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. ജൂലൈ 16നാണ് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ദയാധനത്തിനു പകരമായി മാപ്പ് നൽകി വധശിക്ഷയിൽ നിന്നു മോചിപ്പിക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടുവയ്ക്കുന്നത്. 8 കോടി രൂപയാണ് തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ ഇടപെടുന്നതിൽ പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
2017ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് തലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. 2018ലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.
