തൃശൂര്‍: കഴിഞ്ഞ ദിവസം നടന്ന സി പി ഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയ നാട്ടിക എം എല്‍ എ സി സി മുകുന്ദനെ റാഞ്ചാന്‍ സി പി എമ്മും ബി ജെപിയും കോണ്‍ഗ്രസും. എന്നാല്‍ ഏതു പാര്‍ട്ടിയുടെ കൂടെ പോവണമെന്നു തീരുമാനിക്കാന്‍ സമയമായിട്ടില്ലെന്നു അദ്ദേഹം പ്രതികരിച്ചു.
സി പി ഐ നേതൃത്വത്തിലെ ചിലര്‍ തനിക്കെതിരെ പാര്‍ട്ടിയില്‍ പാരപണിയുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സമ്മേളനത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ക്കിടയിലാണ് പ്രകോപിതനായ മുകുന്ദന്‍ സമ്മേളന ഹാള്‍ വിട്ടിറങ്ങിയത്.
സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയതിനു പിന്നാലെ ബി ജെ പിയും കോണ്‍ഗ്രസും തന്നെ സമീപിച്ചു. സി പി എം ഓഫറും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടികയിലെ ജനങ്ങളും പാര്‍ട്ടിപ്രവര്‍ത്തകരും തന്നോടൊപ്പമുണ്ട്. നേരത്തേ സി പി ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നാട്ടിക തൃപ്രയാറില്‍ നടന്ന നവകേരള സമ്മേളനത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ എസ് പിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനമാണ് കാരണമെന്നു പറയുന്നു. ആ വിമര്‍ശനത്തെ പാര്‍ട്ടി അന്നു പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. മുകുന്ദനെ ജില്ലാ കൗണ്‍സിലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
