കൊച്ചി: യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ പ്രേമകുമാരി യെമൻ സർക്കാരിന് അപേക്ഷ നൽകി. ജൂലൈ 16ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് നടപടി. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബു മഹ്ദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച് സമവായത്തിൽ എത്താനാകുമെന്നാണ് കുടുംബവും ആക്ഷൻ കൗൺസിലും പ്രതീക്ഷിക്കുന്നത്. 8 കോടി രൂപയാണ് തലാലിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുള്ളത്,
അതിനിടെ നിമിഷപ്രിയയെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ കേന്ദ്രസർക്കാർ നാളെ മറുപടി നൽകും.
2017ലാണ് കേസിനാസ്പദമായ കൊലപാതകം നടന്നത്. നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് തലാലിനെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് കേസ്. 2018ലാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്.
