ആലപ്പുഴ: 64 വിഭവങ്ങള്‍; 80 നാള്‍ നീണ്ടു നില്‍ക്കുന്ന ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. നിലവിളക്കിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ തൂശനിലയിലേക്ക് മന്ത്രി വീണാ ജോര്‍ജ്ജ്, ആന്റോ ആന്റണി എം.പി, പ്രമോദ് നാരായണന്‍ എം.എല്‍.എ., തിരുവിതാംകൂര്‍ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യ വര്‍മ്മ എന്നിവര്‍ ചേര്‍ന്ന് ഭഗവാനെ സങ്കല്‍പ്പിച്ച് വിഭവങ്ങള്‍ വിളമ്പിയതോടെയാണ് വള്ളസദ്യയ്ക്ക് തുടക്കമായത്. ആറന്മുള ക്ഷേത്രത്തിന്റെ കൊടി മരത്തിനു മുന്നില്‍ ആനക്കൊട്ടിലില്‍ സ്ഥാപിച്ച നിലവിളക്കിലേക്ക് അഗ്നി പകര്‍ന്നു കൊണ്ട് വള്ളസദ്യ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നടന്ന ആദ്യ ദിവസത്തെ വള്ളസദ്യയില്‍ ഏഴു പള്ളിയോടങ്ങളാണ് പങ്കെടുത്തത്. ക്ഷേത്രക്കടവില്‍ എത്തിയ പള്ളിയോടക്കാരെ വഴിപാടുകാര്‍ ദക്ഷിണ നല്‍കി സ്വീകരിച്ച് ക്ഷേത്രപ്രദക്ഷിണം നടത്തിയാണ് കൊടിമര ചുവട്ടിലേക്ക് ആനയിച്ചത്. തുടര്‍ന്ന് കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിച്ച ശേഷം പ്രത്യേകമായി തയ്യാറാക്കിയ പന്തലുകളില്‍ എത്തിച്ചാണ് സദ്യ നല്‍കിയത്. പള്ളിയോടക്കാരെ ക്ഷേത്രക്കടവില്‍ വച്ച് യാത്ര അയക്കുന്നതോടെയാണ് വള്ളസദ്യ ചടങ്ങുകള്‍ പൂര്‍ത്തിയാവുക.
ലോകത്ത് ഏറ്റവും പഴക്കമേറിയതും ഏറ്റവും അധികകാലം നീണ്ടു നില്‍ക്കുന്നതായ നദി ഉത്സവം എന്ന നിലയില്‍ ആറന്മുള വള്ളസദ്യ ശ്രദ്ധേയമാണ്. ഏറ്റവും അധികം സസ്യഭക്ഷണം വിളമ്പുന്ന സസ്യാഹാരമേള എന്ന നിലയിലും വള്ള സദ്യകള്‍ ശ്രദ്ധേയമാണ്.
