കറാച്ചി: പാക്ക് ചലചിത്രതാരം ഹുമൈറ അസ്ഗര്‍ അലി(32) യുടെ മൃതദേഹത്തിന് 9 മാസം പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2024 നവംബറിന് ശേഷം അപ്പാര്‍ട്ടുമെന്റിന്റെ വാടക നല്‍കാത്തതിനാല്‍ ഉടമ അന്വേഷിച്ചു ചെന്നപ്പോഴാണ് പൂട്ടിയിട്ട നിലയില്‍ മുറി കണ്ടത്. സംശയത്തെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് അപ്പാര്‍ട്ട്‌മെന്റിലെത്തി പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞ ഒക്ടോബറിലാകും ഹുമൈറ മരിച്ചിട്ടുണ്ടാകുക എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. അപ്പാര്‍ട്ട്‌മെന്റില്‍ നടി താമസിച്ചിരുന്ന നാലാം നിലയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദുര്‍ഗന്ധം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അപ്പാര്‍ട്ട്‌മെന്റിലെ ഒരു ബാല്‍ക്കണിയിലേക്കുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു. ഏഴുവര്‍ഷം മുന്‍പാണ് ഹുമൈറ ലഹോറില്‍നിന്ന് കറാച്ചിയിലെത്തിയതെന്നും കുടുംബവുമായി വലിയ ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും സഹോദരന്‍ നവീദ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റിന്റെ എല്ലാ വാതിലുകളും അകത്തു നിന്ന് പൂട്ടിയിരുന്നതിനാല്‍, സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നില്ല. ആത്മഹത്യയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ലഭിച്ചത്. കഴിഞ്ഞ മാസം മറ്റൊരു പാകിസ്ഥാന്‍ ടിവി നടിയായ ആയിഷ ഖാനെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് ഹുമൈറയുടെ മരണവാര്‍ത്ത വരുന്നത്. ഹുമൈറയുടെ അവസാന ഇന്‍സ്റ്റാഗ്രാം പോസ്റ്റ് 2024 സെപ്റ്റംബര്‍ 30-ന് ആയിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി അവര്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ബീജ്, ഓറഞ്ച് നിറങ്ങളിലുള്ള സല്‍വാര്‍ കമീസില്‍ പോസ് ചെയ്യുന്ന ഫോട്ടോകളുമായാണ് ആ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തമാഷ ഘര്‍ എന്ന റിയാലിറ്റി ടിവി ഷോയിലൂടെയാണ് അവര്‍ ജനപ്രീതി നേടിയത്. രണ്ട് മൂന്നു സിനിമകളില്‍ അഭിനയിച്ചിരുന്നു. 2013 ലാണ് മോഡലിങ് മേഖലയിലേക്ക് വന്നത്. 2021 ലെ ലവ് വാക്‌സിന്‍ എന്ന ചിത്രമാണ് അവസാനമായി അഭിനയിച്ചത്. 2023ല്‍, മികച്ച വളര്‍ന്നുവരുന്ന പ്രതിഭയ്ക്കും താരത്തിനുമുള്ള ദേശീയ വനിതാ നേതൃത്വ അവാര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നു.
