മുംബൈ: മരിച്ചതായി ഡോക്ടര്‍മാര്‍ ഉറപ്പുവരുത്തി ബന്ധുക്കള്‍ക്ക് കൈമാറിയ നവജാതശിശു 12 മണിക്കൂറിനുശേഷം കരഞ്ഞു. അടക്കംചെയ്യുന്നതിന് ഏതാനും നിമിഷംമുന്‍പ് കരഞ്ഞതോടെ
കുട്ടിയെ ജീവനോടെ തിരിച്ചുകിട്ടുകയായിരുന്നു. മുംബൈയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീര്‍ത്ഥ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. ജൂലായ് ഏഴിന് രാത്രിയിലാണ് യുവതി കുഞ്ഞിന് ആശുപത്രിയില്‍ ജന്മംനല്‍കുന്നത്. എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
അടുത്ത ദിവസം മൃതദേഹം അടക്കം ചെയ്യുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടു. മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പേള്‍ കുഞ്ഞ് കരയുകയുമായിരുന്നു. ഉടന്‍തന്നെ അവര്‍ കുഞ്ഞിനെ എടുത്ത് ആശുപത്രിയിലേക്ക് ഓടി. ജനിച്ചശേഷം കുഞ്ഞില്‍ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞു. പ്രസവത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ജനിക്കുമ്പോള്‍ കുഞ്ഞിന് 900 ഗ്രാം ഭാരം മാത്രമാണുണ്ടായിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് മരിച്ചതായി സംശയമുണ്ടായത്. ശ്വസനം പോലും ഉണ്ടായിരുന്നില്ലെന്ന്
ആശുപത്രി ഡീന്‍ രാജേഷ് കച്ചെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാദമായതോടെ സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുടുംബം ആശുപത്രിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ അശ്രദ്ധയാണ് ഇതിന് കാരണമെന്ന് നവജാത ശിശുവിന്റെ മുത്തച്ഛന്‍ സഖാറാം ഘുഗെ ആരോപിച്ചു. കുഞ്ഞ് സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
