തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങള്‍ ഹൈക്കോടതിയിലേക്ക്. സര്‍വകലാശാലയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. സംസ്ഥാന പൊലീസ് പരാജയപ്പെട്ടതിനാല്‍ കേന്ദ്രസേനയുടെ സുരക്ഷ വേണമെന്നും ആവശ്യപ്പെടുന്നു. സസ്‌പെന്‍ഷനിലുള്ള റജിസ്ട്രാര്‍ അനധികൃതമായി ഓഫീസില്‍ പ്രവേശിച്ചെന്നും രേഖകള്‍ കടത്തിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നും ബിജെപി അംഗങ്ങള്‍ ആരോപിച്ചു. ഹര്‍ജി വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അറിയിച്ചു.
അതേസമയം കേരള സര്‍വകലാശാലയില്‍ വിസിയും റജിസ്ട്രാറും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. റജിസ്ട്രാര്‍ കെ എസ് അനില്‍ കുമാര്‍ ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന വിസിയുടെ ഉത്തരവ് നടപ്പായില്ല. ഡോ. കെ.എസ്.അനില്‍കുമാര്‍ പരിശോധിച്ച് അയച്ച മൂന്നു ഫയലുകള്‍ വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ ഒപ്പിടാതെ തിരിച്ചയച്ചു. അതേസമയം ഡോ.മിനി കാപ്പന്‍ അയച്ച 25 ഇ-ഫയലുകളില്‍ വിസി ഒപ്പിട്ടു. അതേസമയം ഡോ.കെ.എസ്.അനില്‍കുമാര്‍ വെള്ളിയാഴ്ചയും ഓഫിസിലെത്തി.
