ന്യൂഡൽഹി: അടുത്ത 5 വർഷത്തിനുള്ളിൽ 1000 പുതിയ ട്രെയിനുകൾകൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2027ഓടെ രാജ്യത്തെ ആദ്യത്തെ ബുളളറ്റ് ട്രെയിൻ സർവീസ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജാപ്പനീസ് സഹകരണത്തോടെയാണ് ബുളറ്റ് ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. 2026ൽ പ്രോട്ടോടൈപ്പ് ട്രെയിൻ പരീക്ഷണാടിസ്ഥാനത്തിൽ ഓടും. 2027ഓടെ വാണിജ്യാടിസ്ഥാനത്തിൽ ട്രെയിൻ ഓടിക്കാനാണ് ലക്ഷ്യമിടുന്നത്. റെയിൽ കയറ്റുമതിയിൽ ഇന്ത്യൻ റെയിൽവേയെ ആഗോള ശക്തിയാക്കാൻ ലക്ഷ്യമിട്ടുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയെ പ്രയോജനപ്പെടുത്തി രാജ്യത്ത് ചെലവ് കുറഞ്ഞ ചരക്കു നീക്കം സാധ്യമാക്കാൻ ദീർഘകാല കാഴ്ചപ്പാടോടെയുള്ള മാറ്റങ്ങളാണ് വരുത്തുന്നതെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ 11 വർഷത്തിനിടെ 35,000 കിലോമീറ്റർ ട്രാക്കുകൾ റെയിൽവേയുടെ ഭാഗമായി. ഇത് ജർമനിയുടെ മുഴുവൻ റെയിൽ ശൃംഖലയുടെ വലിപ്പത്തിനു തുല്യമാണ്. റെയിൽവേയിലെ നിക്ഷേപം 25,000 കോടി രൂപയിൽ നിന്ന് 2.52 ലക്ഷം കോടി രൂപയായി ഉയർന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
