കാഠ്മണ്ഡു: ഹിന്ദു ദൈവങ്ങളുടെ ജന്മസ്ഥലങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. ശ്രീരാമൻ, ശിവൻ, വിശ്വാമിത്രൻ എന്നിവരുടെ ജന്മസ്ഥലം നേപ്പാളിലാണെന്നാണ് അവകാശവാദം. വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് വിവാദ പ്രസംഗം.
ഇന്ന് നേപ്പാളിന്റെ ഭാഗമായ മണ്ണിലാണ് രാമൻ ജനിച്ചത്. അന്നത് നേപ്പാളെന്നാണോ മറ്റേതെങ്കിലും പേരിലാണോ അറിയപ്പെട്ടിരുന്നത് എന്നത് പ്രസക്തമല്ല. രാമൻ മാത്രമല്ല, ശിവനും ആദി കാവ്യമെഴുതിയ വാൽമീകിയും ഹിന്ദു പുരാണങ്ങളിലെ അനേകം ആരാധനാ പാത്രങ്ങളും നേപ്പാളിൽ നിന്നാണ്. വിശ്വാമിത്രൻ ഛത്താരയിൽ നിന്നുള്ള ആളാണെന്നും ഇക്കാര്യം വാത്മീകിയുടെ രാമായണത്തിൽ പരാമർശിക്കുന്നുണ്ടെന്നും ഒലി അഭിപ്രായപ്പെട്ടു.
2020ൽ യഥാർഥ അയോധ്യ നേപ്പാളിലെ ചിത്വാൻ ജില്ലയിലെ തോറിയിലാണെന്ന് അവകാശപ്പെട്ട ശർമ ഒലി ഇവിടെ രാമക്ഷേത്രം നിർമിക്കാനും ഉത്തരവിട്ടിരുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മതവിശ്വാസങ്ങളെ ഉപയോഗിക്കുകയാണ് ശർമ ഒലിയെന്ന് അദ്ദേഹത്തിന്റെ പാർട്ടിയും ഭരണകക്ഷിയുമായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങൾ വിമർശനം ഉന്നയിച്ചിരുന്നു.
