കൊച്ചി: എറണാകുളം അയ്യമ്പുഴയില്‍ പനി ബാധിച്ച് മരിച്ച 12 വയസ്സുകാരി ജെനീറ്റ ഷിജുവിന്റെ മരണത്തിന് കാരണം പേവിഷബാധയല്ലെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട പരിശോധനാഫലം നെഗറ്റീവാണെന്ന് മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകി. പനി ബാധിച്ച് ചികില്‍സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചാണ് ജെനീറ്റ ഷിജു മരിച്ചത്. മരണകാരണം വ്യക്തമാക്കാൻ ഇനി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരണം. അയൽ വീട്ടിലെ വളർത്തുനായ കുട്ടി മരിച്ച ദിവസം ചത്തിരുന്നു. ഈ നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ കുട്ടിയുടെ സംപിളുകൾ പുണെ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ നടന്ന പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ശനിയാഴ്ച പുലർച്ചെ പനി കൂടിയതിനെ തുടർന്ന് ജെനീറ്റ രക്തം ഛർദിച്ചിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
