ജക്കാര്‍ത്ത: കാണാതായ കര്‍ഷകന്റെ മൃതദേഹം പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്‍ന്തോനേഷ്യയിലെ സുലാവെസി ദ്വീപിലെ ബൂട്ടോണ്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം നടന്നത്. അസാധാരണമായ നിലയില്‍ പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതു കണ്ട ജനങ്ങള്‍ വയര്‍ കീറി നോക്കിയപ്പോഴാണ് മനുഷ്യന്റെ മൃതദേഹം കാണപ്പെട്ടത്. വെള്ളിയാഴ്ച മെജപഹില്‍ ഗ്രാമത്തിലെ കൃഷി സ്ഥലത്തേക്ക് പോയ കര്‍ഷകന്‍ തിരിച്ചു വന്നിരുന്നില്ല. ഇതു സംബന്ധിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ കര്‍ഷകന്റെ ബൈക്ക് പാടത്തിനു സമീപത്തു നിര്‍ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. അവിടെയുള്ള ഒരു കുടിലിനു സമീപത്ത് പെരുമ്പാമ്പിനെ ഇര വിഴുങ്ങിയ നിലയില്‍ ചുരുണ്ടു കിടക്കുന്ന നിലയിലും കണ്ടെത്തി. ഏതോ വലിയ ഇരയെ വിഴുങ്ങി കിടക്കുകയാണ് പാമ്പെന്നു സംശയിച്ച നാട്ടുകാര്‍ അതിനെ കൊല്ലാന്‍ തീരുമാനിച്ചു. കൊന്നതിനു ശേഷം പാമ്പിന്റെ വയര്‍ കീറി പരിശോധിച്ചപ്പോഴാണ് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തിയത്.
മഴക്കാലത്ത് ഗ്രാമങ്ങളില്‍ പെരുമ്പാമ്പുകള്‍ എത്തി ഇരപിടിക്കുന്നത് സാധാരണ സംഭവമാണെന്നും എന്നാല്‍ ആദ്യമായാണ് മനുഷ്യനെ വിഴുങ്ങിയ സംഭവം ഉണ്ടായതെന്നു ദുരന്തനിവാരണ ഏജന്‍സി തലവന്‍ ലാഓഡെ റിസാല്‍ പ്രതികരിച്ചു.
