കാസര്‍കോട്: വര്‍ക്ക് ഫ്രം ഹോം ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വാഴുന്നോറൊടി സ്വദേശിനായ വീട്ടമ്മയുടെ 16 ലക്ഷം നഷ്ടമായി. അമേരിക്കയിലുള്ള നെക്‌സ്റ്റ് ലഫ്റ്റ് എന്ന കമ്പിനിയാണ് 12 ദിവസത്തിനുള്ള വീട്ടമ്മയുടെ 16,38,953 രൂപ തട്ടിയെടുത്തത്. പരാതിയില്‍ സൈബര്‍ സെല്ല് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂണ്‍ 16 നാണ് വീട്ടമ്മയ്ക്ക് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി വര്‍ക്ക് ഫ്രം ഹോം പണമുണ്ടാക്കാമെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കൊച്ചി സ്വദേശിനിയായ വിസ്മയ എന്ന സ്ത്രീ ഇവരെ ടെലഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്ത് ജോലി തുടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. മലയാളിയാണ് വിളിച്ചതെന്നു മനസിലായ വീട്ടമ്മ അവരെ വിശ്വസത്തിലെടുത്ത് ജോലിയില്‍ പ്രവേശിച്ചു. ആദ്യ ദിനം 1048 രൂപ ലഭിക്കുകയും പണം ബാങ്കില്‍ ക്രഡിറ്റാവുകയും ചെയ്തിരുന്നു. പിന്നീട് ഒരുലക്ഷം വരെ പണം എത്തിയപ്പോള്‍ പലകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവച്ചു. നിരവധി ടാസ്‌കില്‍ പങ്കെടുത്താന്‍ മാത്രമേ പണം പിന്‍വലിക്കാനാകൂവെന്ന നിര്‍ദേശം ലഭിച്ചു. പല ദിവസങ്ങളിലായി നിരവധി തവണ പണം അടച്ചെങ്കിലും ഒരുതുകപോലും തിരികെ ലഭിച്ചില്ല. കൂടാതെ ചീത്തപറയുകയും ചെയ്തതായി വീട്ടമ്മ പറഞ്ഞു. തട്ടിപ്പ് മനസിലായതോടെയാണ് പൊലീസിനെ സമീപിച്ചത്. കാസര്‍കോട് സൈബര്‍ സെല്‍ സംഭത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
