തിരുവനന്തപുരം: പേരൂർക്കട വ്യാജ മോഷണക്കേസിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡി മർദനത്തിനിരയായ ദലിത് യുവതി ബിന്ദുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ബിന്ദുവിനെതിരെ പരാതി നൽകിയ ഓമന ഡാനിയേൽ, മകൾ നിഷ, കസ്റ്റഡിയിലെടുത്ത എസ്ഐ പ്രസാദ്, എഎസ്ഐ പ്രസന്നൻ എന്നിവർക്കെതിരെയാണ് കേസ്.സംഭവത്തിൽ കേസെടുക്കാൻ എസ് സി, എസ്ടി കമ്മിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം ബിന്ദു നൽകിയ പരാതിയിലാണ് പേരൂർക്കട പൊലീസ് കേസെടുത്തത്.ജോലിക്കു പോയിരുന്ന വീട്ടിൽ മാല കാണാതായ സംഭവത്തിലാണ് ബിന്ദു അപമാനിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 18നാണ് മാല കാണാതായത്. എന്നാൽ 23നാണ് ഓമന പരാതി നൽകിയത്. അന്നേദിവസം വൈകുന്നേരം വീട്ടിലേക്കു പോകാൻ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ബിന്ദുവിനെ ഫോണിൽ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. തുടർന്നായിരുന്നു മാനസിക പീഡനം.21 മണിക്കൂർ ദാഹജലം പോലും നൽകാതെ പട്ടിണിക്കിട്ടു. പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ വസ്ത്രാക്ഷേപം നടത്തി. കുറ്റം സമ്മതിച്ചില്ലെങ്കിൽ കുടുംബത്തെ മുഴുവൻ അകത്താക്കുമെന്ന് പറഞ്ഞു. പെൺമക്കളെ 2 പേരെയും കേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും പല തവണ തല്ലാൻ കൈയ്യോങ്ങി. ഏപ്രിൽ 24ന് പരാതിക്കാരിയായ ഓമനയുടെ വീട്ടിൽ നിന്നു തന്നെ മാല കിട്ടിയിട്ടും എഫ്ഐആർ റദ്ദാക്കിയില്ല. മേയ് 19ന് മാത്രമാണ് ഇതിനുള്ള നടപടികൾ തുടങ്ങിയത്. സംഭവം പുറത്തായതോടെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
