അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം: 13 മരണം, 20 പെൺകുട്ടികളെ കാണാതായി

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സസില്‍ മിന്നല്‍ പ്രളയം. 13 പേര്‍ മരിച്ചു. 20 പെൺകുട്ടികളെ കാണാതായി. ടെക്‌സസില്‍ സമ്മര്‍ ക്യാംപിനെത്തിയ പെണ്‍കുട്ടികളെയാണ് കാണാതായത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 14 ഹെലികോപ്റ്ററുകളും 12 ഡ്രോണുകളും ഒന്‍പത് രക്ഷാസേന സംഘവും അഞ്ഞൂറോളം രക്ഷാപ്രവര്‍ത്തകരുമാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. കാണാതായ പെണ്‍കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി അവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ടെക്‌സസിലെ കെര്‍ കൗണ്ടിയിലാണ് മിന്നല്‍ പ്രളയമുണ്ടായത്. ഗ്വാഡലൂപ്പെ നദിയില്‍ 45 മിനിറ്റിനുളളില്‍ ജലനിരപ്പ് 26 അടിയായി ഉയര്‍ന്നതോടെയാണ് പ്രളയത്തിലേക്ക് മാറിയത്. വരും മണിക്കൂറുകളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ടെക്‌സസ് ലെഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ടെക്‌സസ് സെനറ്റര്‍ ടെഡ് ക്രൂസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ടെക്‌സസിന് ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ടെഡ് ക്രൂസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് ടെക്സസിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഗ്വാഡലൂപ്പ് നദിയില്‍ വെളളപ്പൊക്കമുണ്ടാവുന്നത് സാധാരണ സംഭവമാണെങ്കിലും ഇത്രയും കുറഞ്ഞ സമയത്തിനുളളില്‍ ക്രമാതീതമായ നിലയില്‍ ജലനിരപ്പുയരുന്നത് ആദ്യമായാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page