ടോക്കിയോ: റിയോ തത്സുകിയുടെ ഒരൊറ്റ പ്രവചനത്തില്‍ ജപ്പാന് നഷ്ടമായത് 30,000 കോടി.
ടൂറിസം മേഖലയ്ക്ക് കനത്ത നഷ്ടം സംഭവിച്ചു. ജൂലൈ 5ന് വിനാശകരമായ സുനാമിയുണ്ടാകുമെന്ന ജപ്പാനിലെ കോമിക് പുസ്തക രചയിതാവ് റിയോ തത്സുകിയുടെ പ്രവചനത്തിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും രക്ഷയുണ്ടായില്ല. രണ്ടാഴ്ചയ്ക്കിടെ ആയിരത്തിലേറെ ചെറുഭൂകമ്പങ്ങളും കൂടിയുണ്ടായതോടെ ആളുകള്‍ ഭീതിയിലായിരുന്നു.
ശനിയാഴ്ച ഉച്ചയായിട്ടും സുനാമിയോ മറ്റ് അനിഷ്ടസംഭവങ്ങളോ ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തല്‍സുകിയുടെ ഫ്യൂച്ചര്‍ ഐ സോ എന്ന പുസ്തകത്തില്‍ കോവിഡ് വ്യാപനവും 2011 ല്‍ ജപ്പാനില്‍ 20,000 പേരുടെ ജീവനെടുത്ത ഭൂകമ്പവും പ്രവചിച്ചിരുന്നുവെന്നാണ് സമൂഹമാധ്യമത്തിലെ പ്രചാരണം. ജൂലൈ അഞ്ചിന് വന്‍ സുനാമിയെത്തുമെന്ന പ്രവചനം കാരണം ചില വിമാനക്കമ്പനികള്‍ ജപ്പാനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ജപ്പാന്‍ ചെറിപ്പൂക്കളുടെ പ്രഭയില്‍ മുങ്ങുന്ന ഈ ടൂറിസം സീസണില്‍ ഹോങ്കോങ്ങില്‍ നിന്ന് ജപ്പാനിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കില്‍ 90 ശതമാനം ഇടിവുണ്ടായി. ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. കെട്ടിടങ്ങളും വീടുകളുമെല്ലാം ഭൂകമ്പത്തെ പ്രതിരോധിക്കുന്നവയാണ്. അങ്ങേയറ്റം സാങ്കേതികത്തികവോടെ കാര്യങ്ങളെ കാണുന്ന ജപ്പാന് പക്ഷേ, ഈ പ്രവചനം സോഷ്യല്‍ മീഡിയയിലൂടെ ലോകമെങ്ങും പ്രചരിച്ചപ്പോള്‍ പ്രതിരോധിക്കാനായില്ല. ദുരന്തങ്ങള്‍ ഒന്നും ഇല്ലാതെ ജുലൈ 5 കടന്നുപോയാല്‍ പ്രതിസന്ധിയൊഴിയുമെന്ന പ്രതീക്ഷയിലാണ് ജപ്പാന്‍ സര്‍ക്കാര്‍.
