കാസര്‍കോട്: കെ എസ് യുവിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന വിദ്യാഭ്യാസ ബന്ദിനിടയില്‍ കുണ്ടംകുഴി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉണ്ടായ എസ് എഫ് ഐ- കെ എസ് യു സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു. കെ എസ് യു പ്രവര്‍ത്തകന്‍ മരുതടുക്കത്തെ മുഹമ്മദ് ഷാഹിദി (17)ന്റെ പരാതി പ്രകാരം എസ് എഫ് ഐ പ്രവര്‍ത്തകരായ അഭിഷേക്, ശിവസൂര്യ, ഗൗതം, ശ്രീവിനായക്, അമല്‍, നീരജ് എന്നിവര്‍ക്കെതിരെയാണ് കേസ്. കണ്ണിനു മുകളില്‍ മുറിവേറ്റ മുഹമ്മദ് ഷാഹിദ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കെ എസ് യു പ്രവര്‍ത്തകരായ ഇര്‍ഫാന്‍, ഷമ്മാസ്, അന്‍സാര്‍, നെബില്‍ എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി പ്രകടനം നടത്തുന്നതിനിടയില്‍ സ്റ്റാഫ് റൂമിനു സമീപത്തു വച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് കേസ്.
പിലിക്കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ കെ.എസ് യു പ്രവര്‍ത്തകന്‍ എ ജി റാസിഫ് അബ്ദുള്ളയും അക്രമത്തിനു ഇരയായി. വിദ്യാഭ്യാസ ബന്ദ് നടത്തുന്നതിന് പ്രിന്‍സിപ്പലിനോട് അനുമതി തേടികൊണ്ട് നോട്ടീസ് നല്‍കിയ വിരോധത്തില്‍ ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിനു സമീപത്തു വച്ച് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കാര്‍ത്തിക് രാജീവനെതിരെ ചന്തേര പൊലീസ് കേസെടുത്തു.സംസ്ഥാന സര്‍ക്കാരിന്റെ വനിദ്യാഭ്യാസ നയങ്ങളില്‍ പ്രതിഷേധിച്ച് കെ എസ് യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു കെ എസ് യു വിദ്യാഭ്യാസ ബന്ദിനു ആഹ്വാനം ചെയ്തത്.
