കാസര്‍കോട്: അടുക്കള ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കവര്‍ച്ചയ്ക്ക് കയറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. കയ്യാര്‍, ജോഡ്ക്കല്ല്, കെ.കെ നഗര്‍ സ്വദേശിയും ഇപ്പോള്‍ കുബണൂര്‍, സഫ നഗറില്‍ ഫ്‌ളാറ്റില്‍ താമസക്കാരനുമായ കലന്തര്‍ ഷാഫി (34)യെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. കവര്‍ച്ചാ ശ്രമത്തിനു ശേഷം ഇയാള്‍ രക്ഷപ്പെട്ട ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ജോഡ്ക്കല്ലിലെ കെ. ഹരീഷയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കടന്ന പ്രതി കവര്‍ച്ചക്ക് ശ്രമിക്കുന്നതിനിടയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ ശരീരത്തില്‍ ചവിട്ടി. ഇതോടെ കുഞ്ഞ് ഉച്ചത്തില്‍ നിലവിളിച്ചു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ ഞെട്ടി ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ യുവാവ് ഇറങ്ങിയോടി. തൊട്ടുപിന്നാലെ തന്നെ ഓട്ടോ സ്റ്റാര്‍ട്ടാക്കിപ്പോകുന്ന ശബ്ദവും കേട്ടു. ഹരീഷ നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുക്കുകയും വിവിധ സ്ഥലങ്ങളിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് കവര്‍ച്ചയ്ക്ക് ശ്രമിച്ചയാളെ തിരിച്ചറിഞ്ഞു. രാത്രിയോടെ അറസ്റ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അബ്ദുല്‍ സലാം, അനൂപ് എന്നിവരും ഉണ്ടായിരുന്നു.
