മുംബൈ: ട്യൂഷൻ ക്ലാസിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് പ്രമുഖ ഹിന്ദി ടെലിവിഷൻ താരത്തിന്റെ മകൻ അൻപതാം നിലയിൽനിന്ന് ചാടി മരിച്ചു. ഹിന്ദി, ഗുജറാത്തി ടെലിവിഷൻ പരമ്പരകളിലെ പ്രമുഖ നടിയും മകനും കണ്ടിവാലിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 51ാം നിലയിലാണ് താമസിച്ചിരുന്നത്.അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് കുട്ടി ചാടി മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ കുട്ടിയോട് ട്യൂഷൻ ക്ലാസിൽ പോകാൻ അമ്മ പറഞ്ഞു. എന്നാൽ പലതവണ പറഞ്ഞിട്ടും കുട്ടി പോവാൻ തയ്യാറായില്ല. തുടർന്ന് കുട്ടി ഫ്ലാറ്റിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. ഏതാനും മിനിറ്റുകൾക്കുശേഷം ഫ്ലാറ്റിന്റെ കാവൽക്കാരൻ വന്ന് കുട്ടി കെട്ടിടത്തിൽനിന്ന് വീണ വിവരം അമ്മയെ അറിയിച്ചു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുടുംബത്തിന്റെ മൊഴിയെടുത്തതിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവുമായി പിരിഞ്ഞതിനുശേഷം മകനൊപ്പം ഫ്ലാറ്റിൽ കഴിയുകയായിരുന്നു നടി. മരിച്ച കുട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
