കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ ഷിറിയയില്‍ റിവര്‍ ട്രെയിനിങ് പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 24.30 കോടി രൂപയുടെ പദ്ധതി സാങ്കേതികതയില്‍ത്തട്ടി തടസപ്പെടരുതെന്നു സി.പി.എം ആവശ്യപ്പെട്ടു. കുമ്പളയിലെ മത്സ്യത്തൊഴിലാളികളും സിപിഎം കുമ്പള ഏരിയ കമ്മിറ്റിയും നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് സര്‍ക്കാര്‍ 24.30 കോടി രൂപ അനുവദിച്ചതെന്നു ഏരിയ സെക്രട്ടറി സി.എ സുബൈര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ സി.ആര്‍.സെഡ് അനുമതി കിട്ടാത്തതുകൊണ്ട് നീട്ടിക്കൊടുത്ത നിര്‍മ്മാണ കാലാവധിയും കഴിഞ്ഞപ്പോള്‍ കരാറുകാരന്‍ പണി ഉപേക്ഷിച്ചുപോവുകയും ചെയ്‌തെന്നു അറിയിപ്പില്‍ സുബൈര്‍ പറഞ്ഞു.
സി.ആര്‍.സെഡ് ക്ലിയറന്‍സിനു സംസ്ഥാന സര്‍ക്കാര്‍ പല തവണ കേന്ദ്രസര്‍ക്കാരില്‍ ഇടപെട്ടെങ്കിലും മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നു സുബൈര്‍ കുണ്ഠിതപ്പെട്ടു.
മഞ്ചേശ്വരം മണ്ഡലത്തിലെ കൊപ്പളം മുതല്‍ മുട്ടം വരെയുള്ള പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ ഷിറിയ പുഴയുടെ അഴിമുഖം വഴിയാണ് കടലിലേക്ക് പോവുകയും തിരികെ വരികയും ചെയ്തിരുന്നത്.
പുഴയുടെ ഇരുകരകളും കടല്‍ഭിത്തികെട്ടി സംരക്ഷിക്കാത്തതിനാല്‍ ഓരോ വര്‍ഷവും അഴിമുഖം തെക്കുഭാഗത്തേക്ക് നീങ്ങുന്നു. ഇതുകൊണ്ട് മുന്നൂറിലധികം മത്സ്യബന്ധന തോണികള്‍ ആരിക്കാടിയില്‍ കരക്കടുപ്പിക്കാന്‍ കഴിയാതായിരിക്കുന്നു-അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
