കാസര്‍കോട്: സ്വകാര്യ ബസുകള്‍ എട്ടിനു സൂചനാ പണിമുടക്കു നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
സൂചനാ പണിമുടക്കു കൊണ്ടു ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ മുന്നറിയിച്ചു. 34,000 സ്വകാര്യ ബസുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ സ്വകാര്യബസുകളുടെ എണ്ണം എട്ടായിരത്തിലും കുറഞ്ഞു. ദീര്‍ഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ്-ദീര്‍ഘ ദൂര ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാക്കുക, ബസു തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് ക്ലിയറന്‍സ് ഒഴിവാക്കുക, ഇ- ചലാന്‍ പിഴ പരിഷ്‌കരണം പൂര്‍ണ്ണമായി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ബസ് ചാര്‍ജ് വര്‍ധന ബസുടമകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, സെക്രട്ടറി ടി. ലക്ഷ്മണന്‍, സി.എ മുഹമ്മദ് കുഞ്ഞി, പി.എ മുഹമ്മദ് കുഞ്ഞി, പി. പത്മനാഭന്‍, ശങ്കരനായിക്, സുകുമാരന്‍, രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
